ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി കെഎസ്യു
കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുപി വിഭാഗം കുട്ടികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനര്‍ പിടിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു.
പൂക്കി ബാനറിന്റെ പേരില്‍ എസ് എഫ് ഐക്കെതിരെ കെ എസ്യു പൊലിസില്‍ പരാതി നല്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ കൊല്ലം ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിലെ യൂണി യന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എയും രംഗത്ത് എത്തിയിരുന്നു.
ഏഴിലോ എട്ടിലോ പഠിക്കുന്ന കുട്ടികള്‍ ക്ലാസ് മുറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്ന രീതിയില്‍ ബാനര്‍ ഉയര്‍ത്തിയതിനെയാണ് ബല്‍റാം വിമര്‍ശിച്ചത്.
എന്നാല്‍ പൂക്കി ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി. സഞ്ജീവുമടക്കമുള്ളവര് രംഗത്തെത്തി. ‘പൂക്കി' എന്നത് ജെന്‍സി സമൂഹം വളരെ പോസിറ്റീവായും ‘ക്യൂട്ട്' എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്ന വാക്കാണെന്നും അതില്‍ അപരാധമൊന്നുമില്ലെന്നുമായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ ‘ശൈ ലജ്ജേ' എന്നും ‘വിജയാ തീര്‍ന്നു' എന്നും മുന്‍പ് ബാനറുയര്‍ത്തിയ കെഎസ്യുക്കാര് ഇപ്പോഴത്തെ ഫ്ലെക്സ് വിവാദത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ് പറഞ്ഞ് നെഞ്ചത്തോട്ടു കയറേണ്ടതില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ തിരിച്ചടി.
ബാനര്‍ വിവാദം സോഷ്യല്‍ മീഡിയയിലും കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇടതുപക്ഷ നേതാക്കളെ ഇരട്ടപ്പേരിട്ട് അപമാനിക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സതീശനെ ‘പൂക്കി' എന്ന് വിളിച്ചതിന്റെ പേരില്‍ പരാതിയുമായി നടക്കുന്നതെന്ന് സിപിഎം സൈബര്‍ ഹാന്‍ഡിലുകളും കുറ്റപ്പെടുത്തുന്നു.
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വന്‍ വിജയം സൃഷ്ടിച്ച രാഷ്്ട്രീയ തിരിച്ചടി മറച്ചുവെക്കാനാണ് കോണ്‍ഗ്രസും കെഎസ്യുവും വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് എസ് എഫ് ഐയുടെ നിലപാട്.
എന്നാല്‍ കുട്ടികളെക്കൊണ്ട് ഇത്തരത്തില്‍ ഒരു ബാനര്‍ പിടിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസും കെഎസ്യുവും ഉയര്‍ത്തുന്നത്.